അഡ്വ. ചാര്‍ളി പോള്‍
സംസ്ഥാന വക്താവ്, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
മദ്യലഭ്യത ക്രമേണ കുറച്ചുകൊണ്ടുവരുമെന്നും വ്യാപകമായ ബോധവത്കരണത്തിലൂടെ, സമഗ്ര പദ്ധതികളി ലൂടെ മദ്യവര്‍ജനം” എന്നതാണ് തങ്ങളുടെ മദ്യനയമെന്നും പ്രഖ്യാപിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ”നാളത്തെ കേരളം ലഹരിമുക്ത നവകേരളം” എന്ന പ്രതീക്ഷാനിര്‍ഭരമായ മുദ്രാവാക്യവും സര്‍ക്കാര്‍വക പരസ്യങ്ങളും കണ്ട് മദ്യത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിച്ചിരുന്ന ഒട്ടേറെ പേര്‍ അത് വിശ്വസിച്ച് പ്രതീക്ഷയോടെ ഇടതുമുന്നണിക്ക് വോട്ട് ചെയ്തു. പക്ഷെ സര്‍ക്കാര്‍ നിരന്തരം വാഗ്ദാനലംഘനം നടത്തി ജനങ്ങളെ പറ്റിക്കുകയായിരുന്നു. മദ്യത്തെ മാന്യവത്കരിക്കുകയും വാണിജ്യവത്കരിക്കുകയും ചെയ്ത് തലമുറകളെ മദ്യാസക്തരോഗികളാക്കി, അവന്റെ ആരോഗ്യ വും ബുദ്ധിയും ധാര്‍മികബോധവും കവര്‍ന്നെടുത്ത് ധനസമ്പാദനം മുഖ്യ അജണ്ടയാക്കുകയാണ് ഇടതുസര്‍ക്കാര്‍.
മദ്യവര്‍ജന നയം ശുദ്ധതട്ടിപ്പ്: മദ്യത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ചു കഴിയുമ്പോള്‍ ജനം മദ്യം വര്‍ജിക്കുകയും മദ്യം വര്‍ജിക്കപ്പെടുന്നതോടെ മദ്യം ഉപയോഗിക്കുന്നവര്‍ ഇല്ലാതാകുകയും അങ്ങനെ മദ്യം വാങ്ങാന്‍ ആളില്ലാതെ മദ്യശാലകള്‍ പൂട്ടിപ്പോകും. മദ്യഷോപ്പുകള്‍ പൂട്ടിപ്പോകുന്നതോടെ മദ്യനിരോധനം നടപ്പില്‍വരും. ഇതാണ് മദ്യവര്‍ജനമെന്ന അഴകൊഴമ്പന്‍ നയം. ഓര്‍ക്കുക; മദ്യമുതലാളിമാരും മദ്യവര്‍ജനവാദികളാണ്. അത് ഏറ്റുപാടുന്ന നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മദ്യവര്‍ജനവും മദ്യനിരോധനവും രണ്ട് പ്രക്രീയകളാണ്. മദ്യവര്‍ജനമെന്നത് ഒരു വ്യക്തി സ്വമേധയാ വ്യക്തിതലത്തില്‍ എടുക്കേണ്ട നിലപാട് മാത്രമാണ്. അതിന് മദ്യനയവും മാനിഫെസ്റ്റോയും ആവശ്യ മില്ല. മദ്യത്തിന്റെ ഉല്പാദനം, സൂക്ഷിപ്പ്, വിതരണം എന്നിവ സംബന്ധിച്ച് നിയമനിര്‍മാണം നടത്താനും നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്താനുള്ള അധികാരവും കടമയും ഉത്തരവാദിത്വവും ഉള്ളത് സര്‍ക്കാരിന് മാത്രമാണ്. ഇക്കാര്യത്തില്‍ എന്ത് നിലപാട് എന്നതാകണം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മദ്യനയം. ആ നയം മദ്യനിരോധനത്തിലേക്ക് രാജ്യത്തെ ഘട്ടം ഘട്ടമായി കൊണ്ടുപോകാന്‍ പര്യാപ്തമാ കണം. മദ്യലഭ്യത കുറച്ചുകൊണ്ടു മാത്രമേ മദ്യഉപയോഗം കുറയ്ക്കാനാകൂ. ലഭ്യത വര്‍ദ്ധിച്ചാല്‍ ഉപഭോഗം വര്‍ദ്ധിക്കുമെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാകും. ജനങ്ങള്‍ മദ്യം വര്‍ജിച്ചാല്‍ മതി; ഫലപ്രദമായ മദ്യനിയന്ത്രണവും നിരോധനവും അപ്രായോഗികമാണ് എന്ന് വാദിക്കുന്നത് വഞ്ചനാപരമായ നിലപാടാണ്.
നുണപറയുന്നതാര് :
കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എല്‍.ഡി.എഫ് മുന്നണി. ”മദ്യപരെ ബോധവ ത്കരിക്കാന്‍ സമഗ്രപദ്ധതികളുമുണ്ട്. അതുകൊണ്ട് നുണപറയുന്നവരെ തിരിച്ചറിയുക”. കെ.പി.എ.സി.ലളിതയെക്കൊണ്ട് പരസ്യത്തിലൂടെ പറയിച്ച നുണയായിരുന്നു ഇത്. ”എല്‍.ഡി.എഫ് വന്നാല്‍ മദ്യവര്‍ജനത്തിന് ജനകീയപ്രസ്ഥാനം ആരംഭിക്കും. മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും കുറയ്ക്കാന്‍ കര്‍ശനമായ നടപടികള്‍ എടുക്കും. മദ്യനയം സുതാര്യ മായിരിക്കും. അഴിമതിയില്ലാത്തതായിരിക്കും”. ഇന്നസെന്റിനെക്കൊണ്ട് പറയിച്ച നുണയാണിത്. തുടര്‍ന്ന് ഇടതുമുന്നണി യുടെ പ്രകടനപത്രികയില്‍ മദ്യനയം വ്യക്തമാക്കി. ”മദ്യം കേരളത്തില്‍ ഗുരുതരമായ സാമൂഹ്യവിപത്തായി മാറിയിരി ക്കുന്നു. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുക”. കൊടിയ ജനവഞ്ചനയായിരുന്നു ഈ പ്രഖ്യാപിത മദ്യനയം.
തെരഞ്ഞെടുപ്പുകാലത്ത് ഇടതുനേതാക്കളും നുണകള്‍ ആവര്‍ത്തിച്ചു. യു.ഡി.എഫിന്റെ കാലത്ത് അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കുമോ എന്ന ചോദ്യത്തിന് സി.പി.എം.ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു ”ഒരിക്കലും തുറക്കില്ല”. സി.പി.എം.സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു; ”മദ്യത്തിന്റെ ലഭ്യത ഇന്നുള്ളതിനേ ക്കാള്‍ കുറച്ചുകൊണ്ടുവരുന്ന, മദ്യവര്‍ജനത്തില്‍ അധിഷ്ഠിതമായ ഒരു നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കാന്‍ പോകുന്നത്. ഇന്ന് ലഭ്യമാകുന്ന മദ്യത്തില്‍ ഒരു തുള്ളിപോലും അധികം ലഭ്യമാകാത്തവിധത്തില്‍, അതിനേക്കാള്‍ കുറയ്ക്കുന്ന വിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുക”. പറച്ചിലിനും നയത്തിനും എതിരായ അട്ടിമറി സമീപനമാണ് പിന്നീട് കണ്ടത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളുകള്‍ക്കുള്ളില്‍ 3 സ്റ്റാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മദ്യശാലകളും തുറന്നുകൊടുത്തു. 2 സ്റ്റാറുകള്‍ക്കെല്ലാം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചു നല്‍കി. ദൂരപരിധി നിയമം 200-ല്‍ നിന്ന് 50 ആക്കി. ഒരു പ്രദേശത്ത് മദ്യശാലകള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അധികാരം നല്‍കുന്ന പഞ്ചായത്ത് രാജ്-നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകള്‍ റദ്ദാക്കി. 10 ശതമാനം ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടിക്കൊണ്ടിരുന്നത് നിര്‍ത്തലാക്കി. ബവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു. പുതുതായി ബാറുകള്‍ അനുവദിച്ചു നല്‍കി. വിമാനത്താവളങ്ങളിലെ അന്താരാഷ്ട്രലോഞ്ചുകള്‍ക്കൊപ്പം അഭ്യന്തരലോഞ്ചു കളിലും വിദേശമദ്യം ലഭ്യമാക്കി. കൂടാതെ പോലീസ് ക്യാന്റീനുകള്‍ക്കും മദ്യവില്പനക്ക് അനുമതി നല്‍കി. ഇങ്ങനെ മദ്യനയം നിരന്തരം അട്ടിമറിച്ച് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
ഇന്നത്തെ സ്ഥിതി:
കേരളത്തില്‍ മദ്യലോബി പിടിമുറുക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് 29 പഞ്ചനക്ഷത്ര ഹോട്ടലുകളും 258 ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവില്പനകേന്ദ്രങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് 689 ബാറുകളും 295 ബിയര്‍ പാര്‍ലറുകളും 270 ബവ്‌കോ ഔട്ട്‌ലെറ്റുകളും 39 കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും ഉണ്ട്. കൂടാതെ 43 ക്ലബ്ബുകള്‍ക്ക് ബാര്‍ലൈസന്‍സുണ്ട്. 11 ഡിസ്റ്റലറികള്‍ക്ക് (പ്രവര്‍ത്തനം ബ്ലെന്‍ഡിംങ് യൂണിറ്റുകളായി) ലൈസന്‍സുണ്ട്. 8 ബ്ലെന്‍ഡിംങ് യൂണിറ്റുകളുണ്ട്. ഒരു ബ്രൂവറിയും പ്രവര്‍ത്തിക്കുന്നു. 25 ബാര്‍ ലൈസന്‍സുകള്‍ പുതുതായി അനുവദിച്ചിട്ടുണ്ട്. ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കുമെന്ന് മദ്യനയത്തില്‍ ആവര്‍ത്തിച്ചതിനാല്‍ കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍ ബാറുകളാക്കാന്‍ സാധ്യതയുണ്ട്. ഇതിനെല്ലാംപുറമേ നാലായിരത്തോളം കള്ളുഷാപ്പുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
സര്‍ക്കാര്‍ പ്രധാന അബ്കാരി : മദ്യവര്‍ജനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും എന്നാല്‍ മദ്യം പരമാവധി ലഭ്യമാക്കി നിത്യദാന ചെലവിനുള്ളത് സംഭരിക്കുകയും ചെയ്യുകയെന്ന രീതി ഉറപ്പിക്കുന്നതാണ് പുതിയ മദ്യനയം. പുതിയ നയത്തോടെ മദ്യത്തിന്റെ വില്‍പ്പനക്കാര്‍ മാത്രമല്ല പ്രധാന ഉല്പാദകരും സര്‍ക്കാര്‍ തന്നെയാകും. വില്‍പ്പനയിലെ കമ്മീഷനും നികുതിയുമായി മാസത്തില്‍ ആയിരം കോടിയിലധികം രൂപയാണ് ഖജനാവില്‍ എത്തുന്നത്. മദ്യലഭ്യത കൂട്ടി വില്‍പ്പന കൂട്ടുക; മദ്യപരുടെ എണ്ണം വര്‍ദ്ധപ്പിക്കുക അതുവഴി പരമാവധി വരുമാനമുണ്ടാക്കുക എന്നതിനാണ് മദ്യനയത്തില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. ഐ.ടി പാര്‍ക്കുകളില്‍ മദ്യം അനുവദിക്കുക, കൂടുതല്‍ വിദേശമദ്യശാലകള്‍ ആരംഭിക്കുക, മദ്യത്തിന്റെയും ബിയറിന്റെയും ഉല്പാദനം കൂട്ടുക, വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാന്‍ അനുമതി നല്‍കുക എന്നിവയാണ് പുതിയ മദ്യനയത്തിന്റെ കാതല്‍. ആവശ്യാനുസരണം ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ബിയര്‍ അടക്കമുള്ള ഉല്പന്നങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള ഡിസ്റ്റലറികളില്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കും. മദ്യനിര്‍മാണത്തിനായി സ്പിരിറ്റ് ഉല്പാദനവും പൊതുമേഖലയില്‍ തുടങ്ങുന്നു. ബിയറും വൈനും കൂടുതലായി ഉല്പാദിപ്പിക്കുന്നതിന് ബ്രൂവറികള്‍ അനുവദിച്ചുനല്‍കുന്നു. കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നു. പുതിയ ഔട്ട്‌ലെറ്റുകള്‍ പ്രീമിയം ഷോപ്പുകളായി മാറ്റി സ്ഥാപിക്കുന്നു. അങ്ങനെ മദ്യലഭ്യത സാര്‍വത്രികമാക്കി ശതകോടികളുടെ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. നാടുമുടിഞ്ഞാലും വ്യക്തികള്‍ നശിച്ചാലും ഖജനാവ് നിറയണം.
വീര്യംകുറഞ്ഞ മദ്യമെന്ന കെണി :
കര്‍ഷകരെ രക്ഷിക്കാനെന്ന പേരില്‍ കപ്പ, കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം എന്നിവയില്‍ നിന്നും വീര്യംകുറഞ്ഞ മദ്യം നിര്‍മിച്ച് വിപണിയില്‍ ഇറക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത്തരം ഉല്പന്നങ്ങ ളില്‍ നിന്ന് മദ്യത്തേക്കാള്‍ വിലയുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ പലതും നിര്‍മിക്കാമെന്നിരിക്കെ അതൊന്നും പ്രോത്സാഹിപ്പിക്കാതെ മദ്യലോബിക്ക് കര്‍ഷകരെക്കൂടി അടിയറ വയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. തൃശ്ശൂര്‍ മാടക്ക ത്തറയിലുള്ള ‘കുശുമാവ് ഗവേഷണ കേന്ദ്രം’ കശുമാങ്ങയില്‍ നിന്നും ഇരുപതിലേറെ വാണിജ്യ മൂല്യമുള്ള ഉല്പന്ന ങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ചക്കയുള്‍പ്പെടെ മറ്റു വസ്തുക്കളില്‍ നിന്നും നിരവധി ഉല്പന്നങ്ങള്‍ ഇപ്പോള്‍ത്തന്നെ വിപണിയി ലുണ്ട്. ഇനിയും മദ്യം കുടിക്കാത്തവരെ ആകര്‍ഷിച്ച് മുഴുക്കുടിയനാക്കുക എന്നതാണ് വീര്യംകുറഞ്ഞ മദ്യത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വീര്യം കുറഞ്ഞ മദ്യം കുടിച്ച് ശീലിച്ചാല്‍ വീര്യംകൂടിയത് മനുഷ്യന്‍ ഉപേക്ഷിക്കുമെന്ന വാദം ബാലിശവും അടിസ്ഥാനരഹിതവുമാണ് മറിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ കൂടുതല്‍ വീര്യമുള്ളത് അന്വേഷിച്ച് നടക്കുകയാണ് മദ്യപര്‍. അവര്‍ക്കായി ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ ജവാന്‍ റം ഉല്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുമുണ്ട്. സ്ത്രീകളിലേക്കും കുട്ടികളിലേക്കും മദ്യപാനശീലം ഇല്ലാത്തവരിലേക്കും ഈ ദു:ശ്ശീലം വ്യാപിപ്പിക്കു വാനേ പുതിയ മദ്യനയം ഉപകരിക്കൂ. കള്ളവാറ്റും ഇതുവഴി വ്യാപകമാകും.
ഐ.ടി പാര്‍ക്കുകളിലെ മദ്യവത്കരണം:
ഐ.ടി മേഖലയെ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ ക്ലബ്ബ് മാതൃകയില്‍ മദ്യശാല കള്‍ അനുവദിക്കുന്നത് യുവ പ്രൊഫഷണലുകളെ തകര്‍ക്കാനെ ഉപകരിക്കൂ. കമ്പ്യൂട്ടറുകളെ നിയന്ത്രിക്കുന്ന വിദഗ്ദ്ധര്‍ ഉണര്‍വോടെ, ജാഗ്രതയോടെ ജോലിചെയ്യേണ്ടവരാണ്. തൊഴിലിടങ്ങള്‍ മദ്യവത്കരിക്കുന്നത് സാമൂഹ്യഅരാജകത്വത്തിന് വഴിതെളിക്കും. തൊഴിലെടുക്കുന്നവരില്‍ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍, ഇടയ്ക്കിടെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന ശീലം, ഉല്പാദനക്ഷമതയിലെ മാന്ദ്യം, സഹകരണമില്ലായ്മ, തീരുമാനമെടുക്കാന്‍ സാധിക്കാത്ത മാനസികാവസ്ഥ, ഉറങ്ങുന്ന ശീലം, അപകടങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ ഈ നയം മൂലം സംഭവിക്കും. മദ്യവത്കരിച്ച് തൊഴിലാളികളുടെയും സ്ഥാപനങ്ങളുടെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാമെന്നത് തികച്ചും അശാസ്ത്രീയമാണ്. തായ്‌ലന്റ് പോലുള്ള രാജ്യങ്ങളില്‍ വ്യഭിചാരം കൊണ്ട് ഉപജീവനം നടത്തുന്നുണ്ട്. ചില രാജ്യങ്ങ ളില്‍ മയക്കുമരുന്ന് ഉപയോഗം കുറ്റകരമല്ല. അതുകൊണ്ട് മറ്റിടങ്ങളില്‍ ഉള്ളതെല്ലാം ഇവിടെയാകാം എന്ന വാദഗതി തികച്ചും ബാലിശമാണ്. ഞങ്ങള്‍ ആരെയും നിര്‍ബന്ധിച്ച് കുടിപ്പിക്കുന്നില്ല എന്ന വാദവും അശാസ്ത്രീയവും യുക്തി രഹിതവുമാണ്. അധാര്‍മികതയുടെ അടിമത്വത്തിലേക്കാണ് ലഹരികള്‍ മനുഷ്യനെ നയിക്കുന്നത്.
മദ്യനിരോധനം അപ്രായോഗികമോ: ലോകത്തൊരിടത്തും മദ്യനിരോധനം വിജയിച്ചിട്ടില്ല. അത് കൊണ്ടത് അപ്രായോഗിക മെന്ന വാദം നിരന്തരം ഉന്നയിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍തന്നെ ബീഹാര്‍, ഗുജറാത്ത്, നാഗാലാന്റ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍തന്നെ മദ്യനിരോധനം നിലനില്ക്കുന്നു. മദ്യനിരോധനം അവിടെ പ്രായോഗികമാണ്. രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ ഏത് തീരുമാനവും ഫലപ്രദമായി നടപ്പാക്കാനാകും. കൊലപാതകിക്ക് വധശിക്ഷ നല്കിയിട്ടും കൊലപാതകം കുറയുന്നില്ല. അതുകൊണ്ട് അത് പ്രായോഗികമല്ലെന്ന് പറഞ്ഞ് ശിക്ഷ ഒഴിവാക്കി ബോധവത്കരണം മതിയെന്ന് വച്ചാല്‍ എന്താകും സ്ഥിതി. വ്യാജകറന്‍സി 30 ശതാമനത്തിലധികം ഉള്ളതിനാല്‍ കള്ളനോട്ട് നിയമവിധേയമാ ക്കുവാനോ സ്ത്രീധനപീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതുകൊണ്ട് വേശ്യാവൃത്തി നിയമവിധേയമാക്കുവാനോ സാധിക്കില്ല. ഒരു നിരോധനവും പൂര്‍ണതോതില്‍ വിജയിക്കണമെന്നില്ല. അതുകൊണ്ട് അപ്രായോഗികം എന്ന വാദം ഉയര്‍ത്തരുത്. ഒരു രാജ്യത്തിന്റെ ധാര്‍മിക നിലവാരം കാത്തുസൂക്ഷിക്കുവാനുള്ള ഇത്തരവാദിത്വം സര്‍ക്കാരിനാണ്.
സര്‍ക്കാര്‍ ചെയ്യേണ്ടത് :
മദ്യലഭ്യത വര്‍ദ്ധിപ്പിച്ചശേഷം മദ്യാസക്തരെ ഉപദേശിച്ച് മാറ്റാമെന്ന വിചിത്ര ന്യായം ഇനിയെ ങ്കിലും തിരുത്തണം. മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്ത് സാമ്പത്തിക വരുമാനം വര്‍ദ്ധിപ്പിക്കാമെന്ന അശാ സ്ത്രീയവും അപകടകരവും അധാര്‍മികവുമായ നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. മദ്യശാലകളിലെ തിരിക്ക് ഒഴിവാക്കാനല്ല, മദ്യം മൂലം തകര്‍ന്ന മനുഷ്യരെ, കുടുംബങ്ങളെ മദ്യത്തില്‍നിന്ന് വിമോചിപ്പിക്കുവാനുള്ള നടപടികളാണ് സര്‍ക്കാര്‍ ആദ്യം ആവിഷ്‌കരിക്കേണ്ടത്. 17 ലക്ഷത്തോളം വരുന്ന മദ്യാസക്തരോഗികളെ ചികിത്സിച്ച് ആ കുടുംബങ്ങളെ രക്ഷപ്പെടുത്തുക. പുതിയ തലമുറക്ക് ലഹരിവിപത്തിനെതിരെ മുന്നറിയിപ്പ് നല്കുന്നതിനായി വ്യാപക ബോധവത്കരണം നടത്തുക. മയക്കുമരുന്നിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക, മദ്യം ഏറ്റവും വലിയ സാമൂഹ്യവിപത്താണെണ് ബോധ്യമുള്ള സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയപോലെ പടിപടിയായി മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരിക. കേരളത്തെ രക്ഷിക്കുക.