ന്യൂയോര്‍ക്ക്: തിരക്കേറിയ സിനിമ – ബിസിനസ് ജീവിതത്തിനിടയിലും ദൈവ വിശ്വാസത്തിനും, വിശുദ്ധ കുര്‍ബാനക്കും സമയം കണ്ടെത്തുന്ന സുപ്രസിദ്ധ ഹോളിവുഡ് നടനായ മാര്‍ക്ക് വാല്‍ബെര്‍ഗും, കത്തോലിക്കനും നടനുമായ മാരിയോ ലോപ്പസും ഞായറാഴ്ച കുര്‍ബാനക്കായി ദേവാലയത്തില്‍ പോകുന്ന വഴിക്ക് വിശ്വാസികള്‍ക്കായി നല്‍കിയ സന്ദേശം തരംഗമാകുന്നു. “പ്രാര്‍ത്ഥനയില്‍ തുടരുക” എന്നാണ് 4 കുട്ടികളുടെ പിതാവായ വാല്‍ബെര്‍ഗ്, മാരിയോ ലോപ്പസിനൊപ്പം വിശ്വാസികളോട് ആഹ്വാനം ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ 23-ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച റീലിലൂടെയായിരുന്നു ആഹ്വാനം. 50 ലക്ഷത്തിലധികം പേരാണ് ഈ ചെറു വീഡിയോ കണ്ടിരിക്കുന്നത്. അഞ്ചു ലക്ഷം ലൈക്കുകളും നിരവധി കമന്റുകളും വീഡിയോയ്ക്കു ലഭിച്ചിട്ടുണ്ട്.
ദേവാലയത്തിലേക്ക് പോകുന്ന വഴിക്ക് ഈസ്റ്ററിനോട് അനുബന്ധിച്ച് അലങ്കരിച്ച കുരിശിന് മുന്നില്‍ കുരിശു വരച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമായിരുന്നു ആഹ്വാനം. ”ക്രിസ്തുവിലും, ജീവിതത്തിലും എന്റെ സഹോദരന്‍” എന്നാണ് വാല്‍ബെര്‍ഗ് മാരിയോ ലോപ്പസിനെ വിശേഷിപ്പിച്ചത്. ഞങ്ങള്‍ ആ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ പോവുകയാണെന്നും പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുകയെന്നും ഇരുവരും പറഞ്ഞു. “ദൈവം അനുഗ്രഹിക്കട്ടെ” എന്ന ലോപ്പസിന്റെ ആശംസയോടെയാണ് വീഡിയോ അവസാനിക്കുന്നത്. തിരക്കേറിയ നടനും അറിയപ്പെടുന്ന ടെലിവിഷന്‍ അവതാരകനുമായ മാരിയോ ലോപ്പസ് 2018-ല്‍ ജോര്‍ദ്ദാന്‍ നദിയില്‍വെച്ചാണ് മാമ്മോദീസ സ്വീകരിച്ചത്.
ബോക്സിംഗ് താരപദവി ഉപേക്ഷിച്ച് കത്തോലിക്ക വൈദികനായ ഫാ. സ്റ്റുവര്‍ട്ട് ലോങ്ങിന്റെ ജീവിതകഥ പറയുന്ന ‘ഫാദര്‍ സ്റ്റു’ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രത്തില്‍ ഫാദര്‍ സ്റ്റുവാര്‍ട്ട് ലോങ്ങിന്റെ വേഷം വാല്‍ബെര്‍ഗാണ് കൈകാര്യം ചെയ്തിരിക്കുന്നത്. വിഭൂതി തിരുനാള്‍ ദിനത്തില്‍ വാല്‍ബെര്‍ഗ് നല്‍കിയ സന്ദേശവും തരംഗമായിരുന്നു. ദൈവവിശ്വാസം പരസ്യമായി പങ്കുവെക്കുന്നത് തങ്ങളുടെ തൊഴിലിനെ ബാധിക്കും എന്നൊരു ധാരണ ഹോളിവുഡില്‍ ശകതമായി നിലനില്‍ക്കുന്ന സമയത്തും തന്റെ ദൈവവിശ്വാസം പല പ്രാവശ്യം പരസ്യമാക്കിയിട്ടുള്ള വാല്‍ബെര്‍ഗ് തന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെ കാരണം തന്റെ ക്രിസ്തു വിശ്വാസമാണെന്ന് വീണ്ടും വീണ്ടും നവമാധ്യമങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുകയാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision