വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയിൽ ആഗോളസുവിശേഷവത്ക്കരണ സംബന്ധിയായ മൗലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിലേക്ക് പുതിയ അംഗങ്ങളെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. കർദ്ദിനാളുമാരും, മെത്രാന്മാരും, വൈദികരും സിസ്റ്റേഴ്സും അല്‍മായരും ഉൾപ്പെടുന്ന സമിതിയിൽ 19 അംഗങ്ങളാണുള്ളത്. സമിതിയിലേക്ക് പാപ്പ നിയമിച്ചവരില്‍ ഇന്ത്യയിൽ നിന്നും ഗോവയുടെ ആർച്ചുബിഷപ്പ് കർദിനാൾ ഫിലിപ്പ് നേരിയും ഉള്‍പ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
2022 ഓഗസ്റ്റ് 27-ന് ഫ്രാൻസിസ് മാർപാപ്പ തന്നെയാണ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറോയെ കർദ്ദിനാളായി ഉയർത്തിയത്. ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ലയുടെ നേതൃത്വത്തിലുള്ള സംഘത്തിന്, 2025 ജൂബിലി വർഷത്തിന്റെ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. സുവിശേഷവത്ക്കരണത്തെ സംബന്ധിച്ച് ആഗോളതലങ്ങളിൽ ഉയരുന്ന ചോദ്യങ്ങളിൽ ഉചിതമായ മറുപടികൾ നൽകുവാനും, ആഗോളതലത്തിൽ ഡിക്കസ്റ്ററിയുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാനുമാണ് ഈ സമിതി ലക്‌ഷ്യം വയ്ക്കുന്നത്.
സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ പ്രോപ്രീഫെക്ട് കര്‍ദ്ദിനാള്‍ ലൂയിസ് അന്തോണിയോ ടാഗ്ലെ, സാംസ്‌കാരിക – വിദ്യാഭ്യാസ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട്ഹോസെ ടോളെന്തിനോ ദേ മെൻഡോട്സ, അല്‍മായർ-കുടുംബങ്ങൾ-ജീവൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കെവിൻ ജോസഫ് ഫാരെൽ, വൈദികർക്ക് വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ലാറ്റ്സറോ യു ഹോംഗ് സിൽക്ക്, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി, വാർത്താവിനിമയ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് പൗളോ റുഫിനി എന്നിവരാണ് പുതിയ സമിതിയിൽ ഉൾപ്പെടുന്ന വത്തിക്കാൻ കാര്യാലയങ്ങളുടെ തലപ്പത്തുള്ളവർ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision