ലണ്ടന്‍: മെയ് മാസം ആറാം തീയതി ഇംഗ്ലണ്ടിലെ രാജാവായി ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണം നടക്കുന്ന പശ്ചാത്തലത്തില്‍ ഈശോ മരിച്ച കുരിശിന്റെ രണ്ട് ഭാഗങ്ങളുള്ള തിരുശേഷിപ്പ് ഫ്രാൻസിസ് പാപ്പ, രാജാവിനു സമ്മാനമായി നൽകി. സ്ഥാനാരോഹണ ചടങ്ങിൽ ഉപയോഗിക്കുന്ന പ്രധാന കുരിശായ ക്രോസ് ഓഫ് വെയിൽസിന്റെ ഉള്ളിൽ മാർപാപ്പ സമ്മാനമായി നൽകിയ കുരിശിന്റെ കഷണങ്ങൾ സൂക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനം ഏറ്റെടുക്കാനായി വെസ്റ്റ് മിന്‍സ്റ്റർ അബേയിലേക്ക് ചാൾസ് മൂന്നാമൻ പ്രവേശിക്കുമ്പോൾ ക്രോസ് ഓഫ് വെയിൽസ് ആയിരിക്കും മുന്നിലുണ്ടാകുക. വെയിൽസ് സ്ലൈറ്റും, തടിയും, സിൽവറും ഉപയോഗിച്ചാണ് ഈ കുരിശ് നിർമ്മിച്ചിരിക്കുന്നത്.
സന്തോഷമായിരിക്കുക, വിശ്വാസം സംരക്ഷിക്കുക, ചെറിയ കാര്യങ്ങൾ ചെയ്യുക എന്ന വെയിൽസിന്റെ മധ്യസ്ഥനായ വിശുദ്ധ ഡേവിഡിന്റെ വാക്കുകൾ കുരിശിൽ കുറിച്ചിട്ടുണ്ട്. കുരിശിന്റെ മധ്യഭാഗത്താണ് ക്രിസ്തുവിന്റെ യഥാര്‍ത്ഥ കുരിശിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത്. ക്രൈസ്തവ ലോകത്ത് ഏറ്റവും വിലയേറിയ തിരുശേഷിപ്പുകളിൽ ഒന്നായി കരുതപ്പെടുന്ന കുരിശിന്റെ ഭാഗം പാപ്പ സമ്മാനമായി നൽകിയത് എക്യുമെനിസത്തിന്റെ ശക്തമായ അടയാളമായിട്ട് കൂടിയാണ് കണക്കാക്കപ്പെടുന്നത്. കുരിശിന്റെ ഭാഗം സമ്മാനമായി നൽകിയതിന് വത്തിക്കാനിലെ ബ്രിട്ടീഷ് അംബാസിഡർ ക്രിസ്റ്റ് ട്രോട്ട് നന്ദി രേഖപ്പെടുത്തി. അസാധാരണമായ സമ്മാനമെന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.
534ൽ ഹെൻറി എട്ടാം രാജാവാണ് കത്തോലിക്കാസഭയിൽ നിന്ന് വേർപെട്ട് ചർച്ച് ഓഫ് ഇംഗ്ലണ്ട് എന്ന പേരിൽ പുതിയ സഭ രൂപീകരിച്ചത്. വിശ്വാസ പാരമ്പര്യങ്ങളില്‍ നിലനിന്നിരിന്ന വൈരുദ്ധ്യം ഏറെ ചര്‍ച്ചയായതാണ്. പാരമ്പര്യം അനുസരിച്ച് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മ ഹെലേനയാണ് എഡി 326ൽ യഥാർത്ഥ കുരിശ് കണ്ടെത്തുന്നത്. കുരിശിന്റെ ഭാഗങ്ങൾ പിന്നീട് റോമിലേയ്ക്കും, കോൺസ്റ്റാന്റിനോപ്പിളിലേക്കും കൊണ്ടുപോയി. അവിടെനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളിലേക്കും കുരിശിന്റെ ഭാഗങ്ങൾ കൊണ്ടുപോയി. സ്ഥാനാരോഹണ ചടങ്ങിൽ ഉപയോഗിക്കുന്ന കുരിശ് വെയിൽസിലെ ആംഗ്ലിക്കൻ, കത്തോലിക്കാ ദേവാലയങ്ങളിൽ വിശ്വാസികൾക്ക് വണങ്ങാൻ അവസരം ലഭിക്കുമെന്ന് വെയിൽസിലെ സഭാനേതൃത്വം അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision