പാരീസ്: 150 രാജ്യങ്ങളിൽ നിന്നുള്ള 3,40,000 ദാതാക്കൾ സംഭാവന നല്‍കിയപ്പോള്‍ വിശ്വ പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയ പുനരുദ്ധാരണത്തിന് ലഭിച്ചത് 929 മില്യൺ ഡോളർ. ലോകത്തിന്റെ മുന്‍പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം കത്തീഡ്രല്‍ അറിയപ്പെടുന്നത്. ഫ്രഞ്ച് ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കുന്ന 2019 ഏപ്രില്‍ 15-നു ദേവാലയം അഗ്നിയ്ക്കിരയാകുകയായിരിന്നു. ഇതിന് പിന്നാലെ ദേവാലയ പുനരുദ്ധാരണത്തിന് ആഗോള തലത്തില്‍ പിന്തുണ ലഭിച്ചു.
ദേവാലയം സുരക്ഷിതമാക്കുന്നതിനുള്ള പ്രോജക്റ്റ് പഠനങ്ങൾക്കു ശേഷം, പുനരുദ്ധാരണ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് പോകുകയാണെന്ന് ഫ്രഞ്ച് കമ്മിറ്റി അറിയിച്ചു. ഭിത്തികൾ, അലങ്കാരങ്ങൾ, നിലവറകൾ എന്നിവ ഒരേസമയം നിരവധി ശില്പികൾ പുനരുദ്ധരിക്കുന്നത് തുടരുകയാണ്. എണ്ണായിരത്തോളം കുഴലുകള്‍ വഴി പ്രവര്‍ത്തിക്കുന്ന ദേവാലയത്തിലെ പടുകൂറ്റന്‍ ഓര്‍ഗന്‍ അഴിച്ച് വൃത്തിയാക്കി വീണ്ടും പൂര്‍വ്വസ്ഥിതിയിലാക്കുന്ന ജോലികളും നടക്കുന്നുണ്ട്.
2019-ലെ തീപിടുത്തത്തിന്റെ തൊട്ടുപിന്നാലെ തന്നെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം പുനരുദ്ധരിക്കുമെന്നും ഫ്രാന്‍സ് ഒളിമ്പിക്സ് ഗെയിംസിന് ആതിഥ്യമരുളുന്ന 2024-ല്‍ ദേവാലയം വിശ്വാസികള്‍ക്കായി തുറന്നു നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. 2024 ഡിസംബർ 8-നകം ദേവാലയം തുറക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.