വത്തിക്കാന്‍ സിറ്റി: ഇന്നലെ ഈസ്റ്റർ ഞായറാഴ്ച വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ഉയിര്‍പ്പ് തിരുകര്‍മ്മങ്ങളില്‍ ശ്രദ്ധേയമായി അലങ്കാരം. ചടങ്ങുകൾക്ക് മുന്നോടിയായി നെതർലാൻഡിൽ നിന്നും കൊണ്ടുവന്ന 35000 പുഷ്പങ്ങൾ കൊണ്ട് സെന്റ് പീറ്റേഴ്സ് ചത്വരം മനോഹരമായി അലങ്കരിച്ചിരുന്നു. ഇത് മുപ്പത്തിയെട്ടാമത്തെ വർഷമാണ് നെതർലാൻഡിലെ പുഷ്പങ്ങൾ ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിന് മനോഹാരിത പകരുന്നത്. വര്‍ണ്ണാഭമായ പൂക്കള്‍ ഇത്തവണയും ചത്വരത്തെ വേറിട്ടതാക്കി. കോവിഡ് കാലയളവില്‍ മാത്രമാണ് ഈ പതിവ് തെറ്റിയത്. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ ‘ഉർബി എത് ഒർബി’ ആശിർവാദം സ്വീകരിക്കാൻ ഒരു ലക്ഷത്തോളം ആളുകളാണ് പത്രോസിന്റെ ചത്വരത്തില്‍ തടിച്ചു കൂടിയത്.
300 വൈദികരും, 15 മെത്രാന്മാരും, 31 കർദ്ദിനാളുമാരും ഈസ്റ്റർ ദിനത്തിലെ ബലിയിൽ സഹകാർമികരായി. എഴുന്നേറ്റു നിൽക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ബുദ്ധിമുട്ട് നേരിട്ടത് മൂലം കർദ്ദിനാൾ ജിയോവാനി ബറ്റിസ്റ്റ റേയാണ് അൾത്താരയിൽ വിശുദ്ധ കുർബാന അർപ്പിച്ചത്. യേശുക്രിസ്തു ഉയർത്തെഴുന്നേറ്റ ദിനമാണ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും, മനോഹരവുമായ ദിനവുമെന്ന് പാപ്പ തന്റെ ഉർബി എത് ഒർബി സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. കർത്താവ് ജീവനിലേക്കുള്ള ഒരു പാത പണിതതിനാൽ സഭയും, ലോകവും ആഹ്ലാദിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം നൽകി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision