ദുഃഖശനിയാഴ്ച വലിയൊരു നിശ്ശബ്ദതയും വലിയൊരു പ്രശാന്തതയും ഭൂമിയെ ഭരിക്കുന്നു. കാരണം- നമ്മുടെ രാജാവ് ഉറങ്ങുന്നു. ഭൂമി വിറയ്ക്കുകയും നിശ്ചലമാവുകയും ചെയ്തു; കാരണം- ദൈവം ശരീരത്തില്‍ ഉറങ്ങുകയും ലോകാരംഭം മുതല്‍ ഉറങ്ങിയവരെ ഉണര്‍ത്തുകയും ചെയ്തു. യേശു എല്ലാ മനുഷ്യരേയും പോലെ മരണം അറിയുകയും മൃതരുടെ വാസസ്ഥലത്തുള്ളവരുമായി ഒന്നു ചേരുകയും ചെയ്തു. അവിടുന്ന്‍ അങ്ങോട്ടിറങ്ങി ചെന്നത് അവിടെ തടവിലാക്കപ്പെട്ടിരുന്ന ആത്മാക്കളോടു സുവിശേഷം പ്രസംഗിക്കുന്ന രക്ഷകനായിട്ടാണ്.
അന്ധകാരത്തിലും മരണത്തിന്‍റെ നിഴലിലും വസിക്കുനവരെ സന്ദര്‍ശിക്കാന്‍ അവിടുന്ന്‍ ആഗ്രഹിച്ചു. കാണാതെ പോയ ആടിനെ എന്ന പോലെ അവിടുന്ന്‍ അവരെ അന്വേഷിച്ചു പോയി. അവിടുന്ന് അവരോട് പറഞ്ഞു “ഉറങ്ങുന്നവനേ എഴുന്നേല്‍ക്കൂ! ഞാന്‍ നിന്‍റെ ദൈവമാണ്. പാതാളത്തില്‍ തടവുകാരനായിരിക്കാനല്ല ഞാന്‍ നിന്നെ സൃഷ്ടിച്ചത്. മരിച്ചവരില്‍ നിന്ന്‍ എഴുന്നേല്‍ക്കുക. മരണമടഞ്ഞവരുടെ ജീവനാണു ഞാന്‍.”
യേശു “മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു.” എന്ന് പുതിയ നിയമം കൂടെക്കൂടെ പ്രസ്താവിക്കുമ്പോള്‍ അവിടുന്ന്‍ തന്‍റെ പുനരുത്ഥാനത്തിനു മുന്‍പു മൃതരുടെ വാസസ്ഥലത്ത് വസിച്ചു എന്ന കാര്യം വ്യക്തമാക്കുന്നു. അപ്പസ്തോലന്‍മാരുടെ വിശ്വാസപ്രമാണത്തില്‍ ക്രിസ്തുവിന്‍റെ പാതാളത്തിലേക്കുള്ള അവരോഹണവും മൂന്നാം ദിവസം മരിച്ചവരുടെ ഇടയില്‍ നിന്നുള്ള അവിടുത്തെ പുനരുത്ഥാനവും ഏറ്റു പറയുന്നു.
മൃതനായ മിശിഹാ ഇറങ്ങിയ മൃതരുടെ വാസസ്ഥലത്തെ വിശുദ്ധ ഗ്രന്ഥം പാതാളം (Hell) എന്നാണ് വിളിക്കുന്നത്. ഹീബ്രൂ ഭാഷയില്‍ ഷിയോള്‍ (sheol) എന്നും ഗ്രീക്ക് ഭാഷയില്‍ ഹേദെസ് (Hades) എന്നുമാണ് ഈ സ്ഥലം അറിയപ്പെടുക. അവിടെയുള്ളവര്‍ക്ക് ദൈവദര്‍ശനം ലഭിക്കുന്നില്ല. ദുഷ്ടരായാലും നീതിമാന്മാരായാലും രക്ഷകനെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ എല്ലാ മൃതരുടെയും അവസ്ഥ ഇതാണ്. ഇപ്പറഞ്ഞ രണ്ടു കൂട്ടരുടെയും സ്ഥിതി ഒന്നുതന്നെയാണ് എന്നര്‍ത്ഥമില്ല. “അബ്രഹാത്തിന്‍റെ മടിയില്‍” സ്വീകരിക്കപ്പെട്ട ലാസര്‍ എന്ന ദരിദ്രന്‍റെ ഉപമയിലൂടെ യേശു ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. “അബ്രാഹത്തിന്‍റെ മടിയില്‍ തങ്ങളുടെ രക്ഷകനെ കാത്തിരുന്ന ഈ വിശുദ്ധാത്മാക്കളെ തന്നെയാണ് കര്‍ത്താവായ ക്രിസ്തു പാതാളത്തിലേക്കു ഇറങ്ങിയപ്പോള്‍ വിമുക്തരാക്കിയത്.” ശപിക്കപ്പെട്ടവരെ മോചിപ്പിക്കാനോ ശാപസ്ഥലമായ പാതാളത്തെ നശിപ്പിക്കാനോ അല്ല; പിന്നെയോ തന്‍റെ മുന്‍പേ പോയ നീതിമാന്മാരെ വിമുക്തരാക്കാനാണ് അവിടുന്ന്‍ പാതാളത്തിലേക്ക് ഇറങ്ങിയത്.
“മരിച്ചവരോടു പോലും സുവിശേഷം പ്രഘോഷിക്കപ്പെട്ടു.” പാതാളത്തിലേക്കുള്ള ഇറക്കം രക്ഷയുടെ സുവിശേഷ ദൗത്യത്തിന്‍റെ പൂര്‍ണ്ണമായ നിറവേറ്റലാണ്. ഇത് യേശുവിന്‍റെ ‘മെസ്സയാനിക’ ദൗത്യത്തിന്‍റെ അന്തിമ ഘട്ടമാണ്. കാലത്തെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയതെങ്കിലും അതിന്‍റെ യഥാര്‍ത്ഥ ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളം വളരെ വിപുലമായ ഒരു ഘട്ടമാണിത്. ക്രിസ്തുവിന്‍റെ വീണ്ടെടുപ്പ് കര്‍മ്മം എല്ലാ കാലങ്ങളിലെയും എല്ലാ സ്ഥലങ്ങളിലെയും എല്ലാ മനുഷ്യരിലേക്ക് വ്യാപിക്കുന്നു. കാരണം രക്ഷിക്കപ്പെടുന്നവരെല്ലാം വീണ്ടെടുപ്പില്‍ ഭാഗഭാക്കുകളാക്കപ്പെടുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision