കടുത്തുരുത്തി: കനത്ത മഴയെ തുടര്‍ന്നുണ്ടായ മട വീഴ്ച്ചയില്‍ 95 ഏക്കറിലെ നെല്‍ക്കൃഷി വെള്ളത്തില്‍. മാഞ്ഞൂര്‍ പുളിന്താനത്തുകരി പാടശേഖരത്താണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ പുറംബണ്ട് തകര്‍ന്ന് മടവീഴ്ചയുണ്ടായത്. പൂവാശേരി-മുടക്കാലി തോടിനോട് ചേര്‍ന്ന ഭാഗത്ത് മടവീഴ്ച്ചയുണ്ടായതോടെ പാടത്തേക്ക് വെള്ളം കുത്തിയൊഴുകുയായിരുന്നു. ഇതോടെ പാടം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.
വിത കഴിഞ്ഞിട്ട് 12 ദിവസമായതേയുള്ളുവെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇന്നലെ വൈകൂന്നേരത്തോടെ കര്‍ഷകര്‍ ചേര്‍ന്ന് മണ്ണും തടികളും ഇട്ട് തകര്‍ന്ന മട അടച്ചു. മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കിലും തുടര്‍ച്ചയായ വൈദ്യുതി മുടക്കം കാരണം വെള്ളം വറ്റാന്‍ താമസം നേരിടുകയാണ്. രണ്ട് ദിവസത്തില്‍ കൂടുതല്‍ പാടത്ത് വെള്ളം കെട്ടി നിന്നാല്‍ നെല്‍ചെടികള്‍ നശിച്ച് കൃഷി പൂര്‍ണമായും നഷ്ടപ്പെടുമെന്ന് പാടശേഖര സമിതി സെക്രട്ടറി തങ്കച്ചന്‍ തോമസ് പറഞ്ഞു. 56 കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കിയത്.
ഏക്കറിന് ഇതുവരെ 13,000 രൂപയോളം ചെലവായതായും തങ്കച്ചന്‍ പറയുന്നു. പാടശേഖരത്തിന്റെ പുറംബണ്ട് പലഭാഗത്തും ബലക്ഷയാവസ്ഥയിലാണ്. ഇതിനുമുമ്പും പലതവണ പുറംബണ്ട് തകര്‍ന്ന് കൃഷിയ്ക്ക് നാശനഷ്ടം സംഭവിച്ചിട്ടുള്ള പാടശേഖരമാണിത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.















