കഴിഞ്ഞയാഴ്ച മധ്യ നൈജീരിയയിലെ കത്തോലിക്കാ ദേവാലയത്തില്‍ നിന്ന് തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയ ഒന്‍പത് കുട്ടികളെ മോചിപ്പിച്ചതായി പ്രാദേശിക അധികാരികളുടെ സ്ഥിരീകരണം.
ഫെബ്രുവരി 8 ന് ബെന്യു സംസ്ഥാനത്തെ അഡോ പ്രാദേശിക ഗവൺമെന്റ് ഏരിയയിലെ സെന്റ് ജോൺസ് കത്തോലിക്കാ ദേവാലയത്തില്‍ പ്രാർത്ഥിക്കുന്നതിനിടെയാണ് ആറ് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും അടങ്ങുന്ന സംഘത്തെ തട്ടിക്കൊണ്ടുപോയത്.
തോക്കിൻമുനയിൽ നിർത്തിയായിരിന്നു ബന്ദിയാക്കല്‍. അക്രമണകാരികളെ തിരിച്ചറിഞ്ഞിട്ടില്ല. മോചിതരായ കുട്ടികൾക്ക് പരിചരണവും മാനസിക പിന്തുണയും നല്‍കുന്നുണ്ടെന്ന് ബെനു സംസ്ഥാന ഗവർണറുടെ ഉപദേഷ്ടാവായ സോളമൻ ഇയോർപെവ് ശനിയാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കി. ഇരകളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കിയ സുരക്ഷ സേനയ്ക്കും പ്രാദേശിക ജാഗ്രതാ ഗ്രൂപ്പുകള്‍ നടത്തിയ സമയോചിത ഇടപെടലിനും ഇയോർപെവ് നന്ദിയറിയിച്ചു.












