‘കൊയ്നോനിയ 2024’ 20ന് സെന്റ് തോമസ് കോളജ് ബിഷപ് വയലിൽ ഓഡിറ്റോറിയത്തിൽ നടക്കും
പാലാ: പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ഗ്ലോബൽ പ്രവാസി സംഗമം ‘കൊയ്നോനിയ 2024’ 20ന് സെന്റ് തോമസ് കോളജ് ബിഷപ് വയലിൽ ഓഡിറ്റോറിയത്തിൽ നടക്കും. പാലാ രൂപതയിൽ നിന്നും ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോയിട്ടുള്ള പ്രവാസികളെ മാതൃരൂപതയുമായി ചേർത്തുനിർത്തുന്ന രൂപതയുടെ ഔദ്യോഗിക സംവിധാനമായ പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിലുള്ള മൂന്നാമത് സമ്മേളനത്തിനാണ് രൂപത ആതിഥ്യം വഹിക്കുന്നത്.
ആഗോള പ്രവാസി സംഗമം 20ന് 9.30 ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കും. 10.30 ന് നടക്കുന്ന പൊതുസമ്മേളനം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി നടത്തുന്ന പാലിയേറ്റീവ് വിഭാഗത്തിന്റെ സമർപ്പണം രൂപത വികാരി ജനറാൾ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ നിർവഹിക്കും. മാർ സ്ലീവാ മെഡിസിറ്റി പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി പ്രഖ്യാപിച്ചിട്ടുള്ള മെഡികെയർ പ്രോഗ്രാം മെഡിസിറ്റി ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്യും. പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന പരിശീലന പരിപാടിയായ ട്രെയിനിംഗ് ആന്റ് ഓറിയന്റേഷൻ പ്രോഗ്രാം- ടോപ്പ് വികാരി ജനറാൾ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്യും. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ റവ. ഫാ. ബെന്നി മുണ്ടനാട്ട് പ്രസംഗിക്കും.
പ്രവാസി അപ്പോസ്തലേറ്റ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്യും. വിവിധ കലാപരിപാടികളും നടത്തും.
പ്രവാസികൾക്കും മടങ്ങിയെത്തിയവർക്കും സർക്കാർ-സർക്കാർ ഇതര സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും അറിവ് നൽകുക, തിരിച്ചെത്തി പഠനത്തിനായി ഹോസ്റ്റലുകളിൽ താമസിക്കുന്ന പ്രവാസികളുടെ മക്കളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുക, ഇപ്പോൾ പ്രവാസികളായി വിവിധ രാജ്യങ്ങളിൽ വസിക്കുന്നവരുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കി ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുക, പ്രവാസികളുടെ മാതാപിതാക്കളോ മറ്റ് ആശ്രിതരോ ഒറ്റപ്പെട്ടോ വാർധക്യം, രോഗം മുതലായവയാലോ പരസഹായം ആവശ്യമുള്ളവരുണ്ടെങ്കിൽ അവർക്കായി ക്ഷേമപദ്ധതികൾ നടപ്പിലാക്കുക എന്നിവ പ്രവാസി അപ്പോസ്തലേറ്റ് നടത്തുന്നുണ്ട്. ജോലിക്കും പഠനത്തിനുമായി വിദേശങ്ങളിലേക്ക് പുതുതായി പോകേണ്ടി വരുന്നവർ വഞ്ചിക്കപ്പെടാതിരിക്കുന്നതിന് അവരുടെ ജീവിത സാഹചര്യത്തെക്കുറിച്ച് മുന്നറിവു നൽകി അവരെ സഹായിക്കുന്നതിന് പ്രത്യേക പദ്ധതികളും നടത്തുന്നുണ്ട്. പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തുന്നവരുടെ കഴിവുകളും സാധ്യതകളും സഭയിലും സമൂഹത്തിലും ഫലപ്രദമായി വിനയോഗിക്കുവാൻ അവസരമൊരുക്കുകയും സഭയുടെ വിശ്വാസ ധാർമ്മിക അടിത്തറയും നാടിന്റെ സാംസ്‌ക്കാരിക മൂല്യങ്ങളും വരും തലമുറക്ക് കൈമാറ്റം ചെയ്യാൻ ആവശ്യമായ ബോധവത്ക്കരണം നടത്തുകയും അപ്പോസ്തലേറ്റിന്റെ പ്രധാന ലക്ഷ്യങ്ങളാണെന്ന് ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision