പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും വൻ ചന്ദനവേട്ട. 30 കിലോയോളം ചന്ദന മുട്ടികളാണ് പൊലീസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഷോളയാർ പൊലീസ് കോമ്പിങ്ങ് ഓപ്പറേഷൻ്റെ ഭാഗമായി ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആനക്കട്ടി മന്ദിയമ്മൻ കോവിലിന് സമീപം വാഹന പരിശോധന
നടത്തുന്നതിനിടെയാണ് ചന്ദനം പിടിച്ചെടുത്തത്. എന്നാൽ പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് പ്രതികൾ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഹോണ്ട ജാസ് കാറിൽ ചാക്കുകെട്ടുകളിലായി കടത്തുകയായിരുന്ന ചന്ദനമാണ് പൊലീസ് സംഘം പിടികൂടിയത്.
വാഹനപരിശോധന കണ്ടതോടെ പൊലീസിനെ വെട്ടിച്ച് വാഹനം തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിൻതുടർന്നു. പിന്തുടരുന്നതിനിടെ വാഹനം ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറഞ്ഞ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല.













