ഇന്ത്യയിലെ പ്രഗത്ഭരായ ഓർത്തോപീഡിക് സർജൻമാരിൽ ഒരാളായ ഡോ. ഓ. റ്റി. ജോർജ് 15 മണിക്കൂർ കൊണ്ട് 25 ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി അപൂർവ്വ നേട്ടം കൈവരിച്ചു. പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും, തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിലുമായാണ് 25 ശസ്ത്രക്രിയകൾ അദ്ദേഹം ഈ ചുരുങ്ങിയ സമയത്തിൽ പൂർത്തിയാക്കിയത്. 30 വർഷം കൊണ്ട് 15000 ത്തിലധികം ആർത്രോസ്കോപ്പി ശസ്ത്രക്രിയകളാണ് ഡോ. ഓ. റ്റി. ജോർജ് പൂർത്തിയാക്കിയിട്ടുള്ളത്.
സന്ധികൾക്കുള്ളിലെ പ്രശ്നങ്ങൾ നോക്കാനും രോഗനിർണയം നടത്താനും ചികിത്സിക്കാനും ഡോക്ടർമാർ ഉപയോഗിക്കുന്ന ഒരു ശസ്ത്രക്രിയയാണ് ആർത്രോസ്കോപ്പി. സന്ധികളിലെ വീക്കം അഥവാ പരിക്കോ ഉണ്ടായാൽ അവ കാലക്രമേണ കൂടുതൽ സങ്കീർണ്ണമായി വേദന കൂടുമ്പോളാണ് പൊതുവിൽ ആർത്രോസ്കോപ്പി നിർദേശിക്കപ്പെടുക. കാൽമുട്ട്, തോളെല്ല്, കൈമുട്ട്, കണങ്കാൽ, ഇടുപ്പ് അല്ലെങ്കിൽ കൈത്തണ്ട എന്നിവയിലെ രോഗനിർണയത്തിനും ചികിത്സക്കുമാണ് ആർത്രോസ്കോപ്പി ചെയ്യുന്നത്.
ചെറിയ സുഷിരങ്ങളിലൂടെ നേര്ത്ത ക്യാമറ പ്രവേശിപ്പിച്ച് സന്ധിയുടെ ഉൾഭാഗം സ്ക്രീനിൽ കണ്ടാണ് ഈ കീട ഹോൾ ശസ്ത്രക്രിയ ചെയ്യുന്നത്. മറ്റു സുഷിരങ്ങളിലൂടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങളും നൂലും ഗ്രാഫ്റ്റും പ്രവേശിപ്പിക്കും. തുറന്നുള്ള ശസ്ത്രക്രിയയിൽ പലപ്പോഴും സന്ധിയുടെ ഉൾഭാഗങ്ങളിലേക്ക് എത്തിപ്പെടാനും ഉപകരണങ്ങൾ പ്രവേശിപ്പിക്കുവാനും പ്രയാസമാണ്. ഇത് സാധിക്കും എന്നതാണ് ആർത്രോസ്കോപ്പിയുടെ പ്രധാന പ്രയോജനം. മുറിവുകളുടെ വലുപ്പം ചെറുതായതിനാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയും ബുദ്ധിമുട്ടുകളും കുറവാണ് എന്ന് ഡോ. ഓ. റ്റി. ജോർജ് പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision