ജോർജിയ: ബൈബിൾ പാരായണത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ തയ്യാറെടുത്ത്
റിട്ടയർട് മിലിറ്ററി ഉദ്യോഗസ്ഥനായ യു.എസ് പൗരൻ. യു.എസ് സംസ്ഥാനമായ ജോർജിയയിലെ കോൾക്വിറ്റ് കൗണ്ടി സ്വദേശിയായ ഷെൽവി സമ്മർലിൻ ആണ് ഈ അനായാസ വിജയം കരസ്ഥമാക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. ഈ വർഷത്തിനുള്ളിൽ 1000 തവണ ബൈബിൾ വായിക്കുകയെന്നതന്റെ ലക്ഷ്യം പൂർത്തികരിക്കാനുള്ള പ്രയാണത്തിലാണ് അദ്ദേഹമിപ്പോൾ.
1962-ലാണ് ദിവസേന രാവിലെ ബൈബിൾ വായിക്കുന്ന ശീലം അദ്ദേഹം ആരംഭിക്കുന്നത്. 1000 തവണയിലേയ്ക്കെത്താൻ നിസ്സാര എണ്ണം മാത്രം ബാക്കി നിൽക്കേ നിലവിൽ രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ ദിവസേന ബൈബിൾ വായനക്കായി ചെലവഴിക്കാറുണ്ട്.
ഫെബ്രുവരിയിൽ 940 തവണ പൂർത്തിയാക്കിയ തനിക്ക് മെയ് മാസത്തിൽ 1000 തവണ എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഉദ്യമം താൻ ആരംഭിക്കുന്ന സമയത്ത് സുവിശേഷ പ്രഘോഷകനായ ജോർജ്ജ് മുള്ളർ 200 തവണ ബൈബിൾ വായിച്ചതായി കേട്ടിരുന്നു. അതിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് ആരംഭിച്ചതെന്നും എന്നാൽ വേഗത്തിൽ പൂർത്തികരിക്കാൻ സാധിച്ചെന്നും അദ്ദേഹം അനുസ്മരിച്ചു. തന്റെ വായനകൾ ലെഡ്ജറുകളിൽ രേഖപ്പെടുത്തിയാണ് കൃത്യമായ എണ്ണം അദ്ദേഹം സൂക്ഷിക്കുന്നത്. എന്നാൽ ഓരോ തവണ ആരംഭിക്കുമ്പോഴും ഒരു പുതിയ പുസ്തകം വായിക്കുന്ന അനുഭൂതിയാണ് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
94-കാരനായ സമ്മർലിൻ, 8 വർഷത്തെ എയർഫോഴ്സ് ഉദ്യോഗത്തിനു ശേഷമാണ് മിനിസ്ട്രിയിലേയ്ക്ക് കടന്നുവരുന്നത്. 1954-ൽ എയർഫോഴ്സിൽ നിന്നും വിരമിച്ച അദ്ദേഹം സർവീസിലായിരിക്കുമ്പോൾ തന്നെ സുവിശേഷ ശുശ്രൂഷകളിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. വിരമിച്ചതിനുശേഷം സെമിനാരിയിൽ ചേരാൻ ശ്രമിച്ചുവെങ്കിലും അത് സാധിക്കാതെ വരുകയും അസംബ്ലി ഓഫ് ഗോഡിൽ ചേർന്ന് നിരവധി പള്ളികളിൽ പാസ്റ്ററായി ശുശ്രൂഷ ചെയ്യുകയും ചെയ്തു. കൂടാതെ ദൈവാലയ കെട്ടിട നിർമ്മാണത്തിൽ സാമ്പത്തിക സഹായം നല്കുന്ന പ്രൊവിഡന്റ് ചർച്ച് മിനിസ്ട്രീസ് എന്ന ഒരു കോപ്പറേറ്റ് സ്ഥാപനം സമ്മർലിനും ഭാര്യയും ചേർന്ന് തുടക്കം കുറിച്ചു. സ്ഥാപനത്തിന്റെ സഹായത്തോടെ നിരവധി ദൈവാലയങ്ങൾ പണികഴിപ്പിച്ചതായും അദ്ദേഹം സാക്ഷ്യപ്പെടുത്തി.
വർഷത്തിൽ ഒരു തവണയെങ്കിലും തന്റെ സഭയെ ബൈബിളിലൂടെ നയിക്കാൻ താൻ ശ്രമിച്ചിരുന്നു. എന്നാൽ സഭ ഒടുവിൽ മറ്റ് പഠനങ്ങളിലേക്കോ മറ്റ് താൽപ്പര്യങ്ങളിലേക്കോ ശ്രദ്ധതിരിച്ചുവെങ്കിലും താൻ പതിവ് തെറ്റിച്ചില്ല. ‘റോമ, 8: 1 അതിനാൽ ഇപ്പോൾ യേശുക്രിസ്തുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയുമില്ല’ എന്ന ബൈബിൾ വചനമാണ് തനിക്കേറ്റവും പ്രിയപ്പെട്ടതും ഓർമിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision