വിശ്വാസത്തെ വ്യക്തിപരമായി നോക്കണമെന്ന് കർദ്ദിനാൾ ഗോ പറഞ്ഞു.
സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂർ അതിരൂപതയിൽ നടക്കുന്ന ഈസ്റ്റർ വിജിലിൽ ആയിരത്തോളം പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. അടുത്ത മാസം നടക്കുന്ന ഈസ്റ്റർ വിജിലിൽ ഇവര്‍ ജ്ഞാനസ്നാനം സ്വീകരിക്കുമെന്ന് സഭാനേതൃത്വം അറിയിച്ചു. മാമോദീസയ്ക്കുള്ള സന്നദ്ധതയെ അംഗീകരിക്കുന്ന ചടങ്ങായ ‘റൈറ്റ് ഓഫ് ഇലക്ഷൻ ആൻഡ് കോൾ ടു കണ്ടിന്യൂയിംഗ് കൺവേർഷൻ’ -ല്‍ ആയിരത്തോളം പേര്‍ പങ്കെടുത്തുവെന്ന് സിംഗപ്പൂര്‍ അതിരൂപത വ്യക്തമാക്കി. മാർച്ച് 8, 9 തീയതികളിൽ സിംഗപ്പൂർ ആർച്ച് ബിഷപ്പായ കർദ്ദിനാൾ വില്യം ഗോ, ജ്ഞാനസ്നാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് ചടങ്ങിൽ നേതൃത്വം നല്‍കി.
സമൂഹം ജീവിക്കുന്ന വിശ്വാസങ്ങളുടെ ഒരു കൂട്ടമാണെന്നും വിശ്വാസം വ്യക്തിപരമായ ബോധ്യമായി മാറണമെന്നും സഭയുടെ വിശ്വാസപ്രമാണം പിന്തുടരണമെന്നും മാർച്ച് 9ന് നടന്ന ചടങ്ങിൽ അദ്ദേഹം ആഹ്വാനം ചെയ്തു. ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നവരില്‍ പ്രൊട്ടസ്റ്റന്‍റ് സമൂഹങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ജൂലൈയിൽ, അതിരൂപതയിലെ മുപ്പതിലധികം ഇടവകകളിലായി വിശ്വാസപരിശീലനത്തിന് രജിസ്റ്റര്‍ ചെയ്തവരാണ് കത്തോലിക്ക വിശ്വാസം പുല്‍കാന്‍ ഒരുങ്ങുന്നത്.